അത്തം പിറന്നതോടെ പൂക്കളം ഒരുക്കാന്‍ വിപണിയും ഒരുങ്ങി കഴിഞ്ഞു. കോഴിക്കോട് പാളയത്ത് ഇനിയുള്ള പത്ത് നാൾ പൂ വിളികളാണ്. മലയാളികളുടെ പൂക്കളം നിറക്കാൻ പതിവ് പോലെ തന്നെ അന്യസംസ്ഥാന പൂക്കൾ വിപണി കീഴടക്കിയിട്ടുണ്ട്. ഓണത്തിനൊപ്പം ഗണേശോത്സവം വരുന്നതിനാൽ പൂക്കൾക്ക് വില വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ബാംഗ്ലൂർ, തമിഴ് നാട്, ഡിണ്ടികൽ, ഗുണ്ടൽ പെട്ട, മൈസൂർ എന്നിവടങ്ങളിൽ നിന്നുമാണ് പൂക്കൾ നാട്ടിലേക്ക് എത്തുന്നത്. വിലയിൽ വെള്ള ജമന്തി തന്നെയാണ് താരം. കിലോക്ക് 360 രൂപയാണ് വില. പല വർണ്ണങ്ങളിലുള്ള റോസാപൂവിനും ചെണ്ടുമല്ലിക്കും വിപണയിൽ വില കൂടുതലാണ്. എങ്കിലും ആവശ്യക്കാർ കൂടുതലാണ്. ഉരുളെടുത്തപോയ ഓണകാലവും കച്ചവടക്കാർ ഓർക്കുന്നുണ്ട്. ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ നല്ല നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം വിപണിയിൽ ആരംഭിച്ചു കഴിഞ്ഞു.