Share this Article
image
യെമനിൽ സ്കൂളിൽ തിക്കിലും തിരക്കിലും പെട്ട് 85 മരണം
വെബ് ടീം
posted on 20-04-2023
1 min read
85 Dead, Hundreds Injured In Stampede In Yemen's Capital Sanaa: Report

യെമൻ തലസ്ഥാനമായ സനയിൽ  സ്‌കൂളിൽ സഹായം സ്വീകരിക്കാൻ തടിച്ചുകൂടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചതായി റിപ്പോർട്ട്.നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ആളുകൾ കൂട്ടത്തോടെ ഓടുന്നതിൻ്റേയും  തറയിൽ മരിച്ച് കിടക്കുന്നതിൻ്റേയും നിരവധി വീഡിയോകൾ  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

റംസാൻ മാസത്തിൻ്റെ അവസാന ദിവസങ്ങളിൽ സംഭാവനകൾ വിതരണം ചെയ്യുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് ഹൂതി നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞത്.

ഒരാൾക്ക്  5,000 യെമൻ റിയാൽ അല്ലെങ്കിൽ  ഏകദേശം 9 ഡോളർ വരുന്ന സംഭാവനകൾ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകൾ ഒരു സ്കൂളിൽ തടിച്ചുകൂടുകയായിരുന്നു.

സനയിലെ ബാബ് അൽ-യെമൻ ജില്ലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെടുകയും 322 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം വിമതരുടെ വാർത്താ ഏജൻസിയായ സബയുടെ പ്രസ്താവനയിൽ അറിയിച്ചു.

മുന്നൊരുക്കങ്ങൾ ഇല്ലാതെ പണം വിതരണം ചെയ്തതിന് ഉത്തരവാദികളായ രണ്ട് വ്യാപാരികളെ അധികൃതർ അറസ്റ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും മന്ത്രാലയ വക്താവ് അബ്ദുൾ ഖാലിഖ് അൽ-അജ്‌രിയെ ഉദ്ധരിച്ച് ടിവി റിപ്പോർട്ട് ചെയ്തു.

2014 അവസാനം മുതൽ യെമൻ ഒരു ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്, ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ നിരവധി വടക്കൻ പ്രവിശ്യകളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും സൗദി പിന്തുണയുള്ള യെമൻ സർക്കാരിനെ തലസ്ഥാനമായ സനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ യുദ്ധത്തിൽ  4 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories