ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 'വോട്ട് കൊള്ള' ആരോപണവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക വാർത്താ സമ്മേളനം നടത്തും. രാവിലെ 10 മണിക്ക് എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് വാർത്താ സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ രാഹുൽ ഗാന്ധി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ, 'വോട്ട് കൊള്ള' വിഷയത്തിൽ ഒരു 'ഹൈഡ്രജൻ ബോംബ്' പൊട്ടിക്കുമെന്ന് രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു. ബിഹാറിലെ 'വോട്ടർ അധികാർ യാത്ര'യുടെ സമാപന സമ്മേളനത്തിലായിരുന്നു ഈ പരാമർശം.കർണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ കള്ളവോട്ടുകളുടെ തെളിവുകൾ പുറത്തുവിട്ടതിനെ 'ആറ്റം ബോംബ്' എന്ന് വിശേഷിപ്പിച്ച രാഹുൽ, അതിനേക്കാൾ വലുതാണ് ഇനിയുള്ളതെന്നും, ഇത് പുറത്തുവന്നാൽ പ്രധാനമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. അതിനാൽ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിക്ക് പുറമെ, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച തെളിവുകളും രാഹുൽ ഗാന്ധിയുടെ കൈവശമുണ്ടെന്നാണ് സൂചന.വാരാണസിയിലെ വോട്ടിംഗ് കേന്ദ്രത്തിലെ ദൃശ്യങ്ങളും മെഷീൻ റീഡബിൾ വോട്ടർ പട്ടികയും ലഭിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
'വോട്ട് കൊള്ള' ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഭരണകക്ഷിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിരുന്നു.
ഇന്നത്തെ വാർത്താ സമ്മേളനത്തോടെ 'വോട്ട് കൊള്ള' വിവാദം പുതിയ തലത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.