വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം. ആരോപണങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തുമോ എന്നതില്‍ ആകാംഷ തുടരുകയാണ്. മാങ്കൂട്ടത്തില്‍ സഭയിലേക്ക് വരേണ്ട എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എത്തിയാലും പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരിപ്പിടം.. 12 ദിവസത്തെ സമ്മേളനം ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് എം.എൽ.എ വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ന് സഭ പിരിയും.
സഭയിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം പ്രധാന ചർച്ചാ വിഷയമാണ്. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചിരുന്നു. അതിനാൽ, രാഹുൽ സഭയിലെത്തിയാൽ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കിൽ ഇരിപ്പിടം അനുവദിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. നിർബന്ധിത ഗർഭച്ഛിദ്രം, വ്യാജ തിരിച്ചറിയൽ കാർഡ് വിതരണം, മാധ്യമങ്ങൾക്കെതിരായ ആരോപണങ്ങൾ തുടങ്ങിയ വിവിധ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ ആരോപണവിധേയനാണ്. രാഹുൽ സഭയിൽ എത്തണോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്.