 
                                 
                        കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്‌നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം.
1950 നവംബർ 14ന് അഭിഭാഷകയായി കൊല്ലം ജില്ലാകോടതിയിൽ പ്രാക്ടീസ് തുടങ്ങി. എട്ടു വർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് മുൻസിഫായി. 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും 74ൽ ജില്ലാ സെഷൻസ് ജഡ്ജിയുമായി. 1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1997 ജനുവരി 25നു തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിനു രാജിവച്ചു. അവിവാഹിതയാണ്
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    