Share this Article
image
മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തതിനെ പിന്തുണച്ച് പി ജെ കുര്യന്‍
വെബ് ടീം
posted on 20-04-2023
1 min read

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്ത പങ്കെടുത്തതിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ മുന്‍ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍. വിമര്‍ശകര്‍ എല്ലാ ലക്ഷ്മണ രേഖയും ലംഘിച്ചാണ് ലോകായുക്തക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതെന്ന് പി ജെ കുര്യന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വിരുന്നില്‍ പങ്കെടുത്താല്‍ സ്വാധീനിക്കപ്പെടുന്ന ദുര്‍ബലരാണോ നമ്മുടെ ജഡ്ജിമാരെന്നും അദ്ദേഹം ചോദിച്ചു.

ഇഫ്താറില്‍ പങ്കെടുത്ത ലോകായുക്തയുടെ നടപടിക്കെതിരെ കോണ്‍ഗ്രസില്‍ നിന്നടക്കം വാദപ്രതിവാദങ്ങള്‍ ഉയരുന്നതിനിടയിലാണ് പിജെ കുര്യന്‍ സാമൂഹ്യമാധ്യമത്തില്‍ നിലപാട് അറിയിച്ചത്. ഇത്രയും വേണോ എന്ന തലക്കെട്ടോടികൂടിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. 

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന് ലോകായുക്തയെ കുറെപേര്‍ അധിക്ഷേപിച്ചു. ചാനലുകളിലും മറ്റും അധിക്ഷേപം തുടര്‍ന്നു. ലോകായുക്ത കാര്യം വിശദീകരിച്ചപ്പോള്‍ കീഴ് വഴക്കം ലംഘിച്ചെന്ന് കുറ്റപ്പെടുത്തിയെന്നും കുര്യന്‍ ചൂണ്ടിക്കാട്ടി.  ''ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം'' എന്ന നിലക്കാണ് ലോകായുക്തക്കെതിരായുള്ള പ്രതിഷേധ നടപടികള്‍ എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ലോകായുക്തയെ നിയമിച്ച പിണറായി മന്ത്രിസഭയിലെ മന്ത്രിയ്ക്ക് എതിരെ പോലും ലോകായുക്ത ശക്തമായി വിധിച്ചു. അതിനുള്ള ആര്‍ജവം കാണിച്ച ലോകായുക്ത ഒരു വിരുന്നില്‍ പങ്കെടുത്തതു കൊണ്ട് സ്വാധീനിക്കപ്പെടുമെന്ന് കരുതുന്നത് യുക്തിസഹമാണോ എന്നും കുര്യന്‍ ചോദിച്ചു. 

മാത്രമല്ല മുഖ്യമന്ത്രി നടത്തിയത് സ്വകാര്യവിരുന്നായിരുന്നില്ല, മറിച്ച് സര്‍ക്കാര്‍ ചിലവിലുള്ള ഔദ്യോഗിക വിരുന്നായിരുന്നു എന്നതും വിമര്‍ശകര്‍ മറക്കുന്നെന്നും പിജെ കുര്യന്‍ ഓര്‍മ്മിപ്പിച്ചു. ഇഫ്താറില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ ലോകായുക്ത വിശദീകരണം നല്‍കി. എന്നാല്‍ അതിന് ശേഷവും വിമര്‍ശനം തുടരുന്നത് നീതികരിക്കാനാവില്ല എന്നും പിജെ കുര്യന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories