കേന്ദ്രസർക്കാരിന്റെ പി.എം.ശ്രീ (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ സി.പി.ഐ മന്ത്രിമാർ ആശങ്ക അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രിമാരാണ് ഈ വിഷയത്തിൽ തങ്ങളുടെ എതിർപ്പ് ഉന്നയിച്ചത്. പി.എം.ശ്രീ പദ്ധതി ബി.ജെ.പി. അജണ്ടകൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നതിന് വഴിയൊരുക്കുമെന്നാണ് സി.പി.ഐയുടെ പ്രധാന ആശങ്ക.
ഇതിനെ തുടർന്ന് സി.പി.ഐയുടെ എതിർപ്പ് ചർച്ച ചെയ്ത് പരിഹരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട വിയോജിപ്പുകൾ പരിഹരിച്ച ശേഷം മാത്രമേ മുന്നോട്ട് പോകാനാകൂ എന്നാണ് സി.പി.ഐ.യുടെ നിലപാട്.
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ കേന്ദ്രസർക്കാരിൽ നിന്ന് ഏകദേശം 1400 കോടി രൂപയുടെ ഫണ്ട് ലഭിക്കും. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരവധി വികസന മുന്നേറ്റങ്ങൾക്കും സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും സഹായിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ ഫണ്ട് ലഭിക്കുന്നതിലൂടെ ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും അജണ്ടകൾ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ടി വരുമെന്ന ആശങ്കയാണ് സി.പി.ഐ. ഉന്നയിക്കുന്നത്.
നേരത്തെ, കർണാടകയിലും തെലങ്കാനയിലും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പി.എം.ശ്രീ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മുൻപ് ഭരിച്ചിരുന്ന ബി.ജെ.പി. സർക്കാർ ഈ പദ്ധതി അവിടെ നടപ്പാക്കിയിരുന്നു. ഭരണമാറ്റം വന്നപ്പോൾ അത് മാറ്റാൻ സാധിക്കുന്നില്ലല്ലോ എന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പരിഹാസം ഉന്നയിച്ച സാഹചര്യവുമുണ്ടായിരുന്നു.
എങ്കിലും ഫണ്ട് ആവശ്യമാണെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ, സി.പി.ഐ.യുടെ എതിർപ്പ് ചർച്ചയിലൂടെ പരിഹരിച്ച് അവരെയും ഒരുമിച്ച് ചേർത്ത് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ നീക്കം. ആറു മാസത്തോളമായി ശമ്പളം മുടങ്ങിക്കിടക്കുന്ന സർവ്വശിക്ഷ കേരളയിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനും ഈ ഫണ്ട് ലഭിക്കുന്നതിലൂടെ സാധിക്കുമെന്നും സർക്കാർ ലക്ഷ്യമിടുന്നു.