ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്‌സിനു കനത്ത തിരിച്ചടി. 2027–28 സീസൺ വരെയുള്ള എല്ലാ എഎഫ്‌സി ക്ലബ് മത്സരങ്ങളിൽ നിന്നും ക്ലബിനു വിലക്ക് ഏർപ്പെടുത്തി. സെപ്റ്റംബറിൽ സെപഹാൻ എസ്‌സിക്കെതിരായ ഗ്രൂപ്പ് മത്സരത്തിനായി ഇറാനിലേക്ക് പോകാൻ ക്ലബ് വിസമ്മതിച്ചതിനെത്തുടർന്ന് എഎഫ്‌സി അച്ചടക്ക, എത്തിക്‌സ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്.
മോഹൻ ബഗാന് അടുത്ത രണ്ട് എഎഫ്‌സി ക്ലബ് മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കില്ല. ഇതേതുടര്‍ന്ന് 2027–28 സീസൺ അവസാനം വരെ കോണ്ടിനെന്‍റൽ ഫുട്ബോളിൽ നിന്നും പുറത്താകും. വിലക്കിനു പുറമെ സെപഹാൻ എസ്.സിക്ക് നഷ്ടപരിഹാരമായി 100,729 യുഎസ് ഡോളർ പിഴയും കമ്മിറ്റി ചുമത്തി.ഇറാനിലെ സെപഹാൻ എസ്.സിക്കെതിരെ നടക്കേണ്ട കളിയിൽനിന്നാണ് ടീം പിന്മാറിയത്. ബഗാനിലെ വിദേശതാരങ്ങൾക്ക് ഇറാനിലേക്ക് യാത്ര ചെയ്യാൻ അവരവരുടെ രാജ്യങ്ങൾ അനുമതി നൽകിയില്ലായിരുന്നു. കൂടാതെ ആശങ്കകൾ ചൂണ്ടിക്കാട്ടി, സെപ്റ്റംബർ 30 ന് സെപഹാനെതിരായ മത്സരം ഇറാനിൽ നിന്ന് മാറ്റണമെന്ന് മോഹൻ ബഗാൻ എഎഫ്‌സിയോട് അഭ്യർത്ഥിച്ചിരുന്നു.