Share this Article
News Malayalam 24x7
'ഏകീകൃത കുർബാന ചൊല്ലിയില്ലെങ്കിൽ കൈ വെട്ടും';15 വൈദികർക്ക് ഭീഷണിക്കത്ത്
വെബ് ടീം
posted on 14-12-2023
1 min read
THREAT LETTER TO PRIESTS

കൊച്ചി: ഏകീകൃത കുർബാന ചൊല്ലിയില്ലെങ്കിൽ കൈ വെട്ടുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഭീഷണിക്കത്ത്. 15 വൈദികർക്ക് ആണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. ആലുവ അശോകപുരം ഇടവക വികാരി ഫാ. ആന്റണി ചോലിക്കര അടക്കമുള്ളവർക്കാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. വിമതവൈദികർക്ക് വേണ്ടി മാത്രമുള്ള സമ്മാനമാണിതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷത്തെ ക്രിസ്മസ് രാത്രിക്കുള്ളിൽ തന്നെ ശിക്ഷാ നടപടികൾ ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ വിശ്വാസി സമൂഹം തയ്യാറാക്കി എന്നും കത്തിൽ പറയുന്നുണ്ട്. സഭയെ അനുസരിക്കാത്ത മെത്രാൻമാരും വൈദികരും വിശ്വാസികൾക്ക്  ആവശ്യമില്ല  എന്ന് കൂടി കൂട്ടിച്ചേർത്താണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. 

അതേ സമയം, ഡിസംബർ 25  മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം രം​ഗത്തെത്തിയിരുന്നു. സഭാ തലവനായ മാർപ്പാപ്പയുടെ തീരുമാനമാണിതെന്നും സഭാ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുന്നവർ മാർപ്പാപ്പയെ അനുസരിക്കണമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു. മാർപ്പാപ്പയെ സഭാ നേതൃത്വം തെറ്റിദ്ധരിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം വിമത വിഭാഗം ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories