ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളി. ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്നായിരുന്നു റാണ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ തടങ്കല്‍ കേന്ദ്രത്തിലാണുള്ളത്.
ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ, ഫെബ്രുവരിയില്‍ അടിയന്തര അപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മാസം അതു തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് റാണ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതി വിധിയോടെ റാണെയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാകും.
2018 ഓഗസ്റ്റില്‍ ഇന്ത്യ തഹാവൂര്‍ റാണയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റാണെയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും, അയാള്‍ നിയമനടപടി നേരിടണമെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു.