നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വിട്ടയച്ച നടപടിയും, മറ്റ് പ്രതികൾക്ക് നൽകിയ ശിക്ഷയുടെ കാലാവധിയുമാണ് പ്രധാനമായും അപ്പീലിൽ ചോദ്യം ചെയ്യുക. പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്ക് കോടതി വിധിച്ച 20 വർഷം തടവ് ശിക്ഷ കുറഞ്ഞുപോയെന്നും, അത് വർദ്ധിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെടും.
കേസിലെ ഏറ്റവും നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ നിസാര കാരണങ്ങൾ പറഞ്ഞ് വിചാരണക്കോടതി തള്ളിക്കളഞ്ഞതാണ് ദിലീപ് അടക്കമുള്ളവർ രക്ഷപ്പെടാൻ കാരണമായതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന തെളിയിക്കുന്നതിനുള്ള ശക്തമായ തെളിവുകൾ കൈവശമുണ്ടെന്നും ഹൈക്കോടതിയിൽ ഇവ വീണ്ടും സമർപ്പിക്കുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അറിയിച്ചു.
കോടതിയുടെ ക്രിസ്മസ് അവധിക്ക് ശേഷമാകും ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്രിസ്മസ് വിരുന്നിൽ അതിജീവിത പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീൽ നൽകാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയത്. വിചാരണക്കോടതിയിൽ തിരിച്ചടി നേരിട്ട സർക്കാരിനും പ്രോസിക്യൂഷനും ഈ അപ്പീൽ ഏറെ നിർണ്ണായകമാണ്. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് അതിജീവിതയും സർക്കാരും.