യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കറെ രേഖാമൂലം അറിയിക്കും. ഇത് സ്വാഭാവിക നടപടിക്രമമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പാർട്ടി നിർദ്ദേശപ്രകാരമാണ് രാഹുൽ മാങ്കൂട്ടത്തിൽ സസ്പെൻഷനിലായതെന്നാണ് കോൺഗ്രസിന്റെ നിലപാട്.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുമോ എന്നതിലാണ് ഇപ്പോൾ പ്രധാന ചർച്ച. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയായതുകൊണ്ട് സഭയിൽ വരേണ്ടെന്ന് പറയാൻ പാർട്ടിക്ക് കഴിയില്ലെന്നും, ഇക്കാര്യത്തിൽ രാഹുലാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ നിയമസഭയിൽ എത്തുകയാണെങ്കിൽ, പി.വി. അൻവറിനെപ്പോലെ പ്രത്യേക ബ്ലോക്കിൽ ഇരിക്കേണ്ടി വരും. ഇത് ഭരണപക്ഷത്തിന് മറ്റൊരു രാഷ്ട്രീയ വിഷയമായി മാറും. കസ്റ്റഡി മർദ്ദനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമസഭയിൽ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷം ഒരുങ്ങുന്ന സാഹചര്യത്തിൽ, രാഹുലിന്റെ സഭയിലെ സാന്നിധ്യം ഭരണപക്ഷത്തിന് തലവേദനയാകുമെന്നും പ്രതിപക്ഷം വിലയിരുത്തുന്നു.
കഴിഞ്ഞ 20 ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ വീടിന് പുറത്തിറങ്ങിയിട്ടില്ല. താൻ കാരണം പാർട്ടിക്കു യാതൊരു പ്രശ്നങ്ങളും ഉണ്ടാകാൻ പാടില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നും മറ്റ് നേതാക്കൾ അടക്കം സൂചിപ്പിക്കുന്നുണ്ട്. രാഹുലിനെ തിരിച്ചെടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, മാറിനിൽക്കണമെന്ന അഭിപ്രായമാണ് മറ്റൊരു വിഭാഗത്തിനുള്ളത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.