 
                                 
                        ശബരിമലയില്‍ പതിനെട്ടാംപടിയില്‍ സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് ഡ്യൂട്ടി സമയത്തില്‍ ഇളവ്.  ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ്  തീരുമാനം. തീര്‍ഥാടനത്തില്‍ അയ്യപ്പഭക്തര്‍ക്ക് ഉള്ള സംതൃപ്തി നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ദേവസ്വം പ്രസിഡന്റ്  ഉറപ്പ് നല്‍കി.
ശബരിമല തീര്‍ത്ഥാടകരുടെ സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതില്‍ ദേവസ്വം ബോര്‍ഡും പോലീസും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പതിനെട്ടാം പടിയിലെ പോലീസിന്റെ ഡ്യൂട്ടി സമയം 20 മിനുറ്റില്‍ നിന്നും 15 മിനുറ്റായി കുറച്ചു. പോലീസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമാക്കാന്‍ ഡ്യൂട്ടി സമയത്തിലെ ക്രമീകരണം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഇതോടെ മിനിറ്റില്‍ 80 പേരെ എങ്കിലും കടത്തിവിടാന്‍ പതിനെട്ടാം പടിയില്‍ കഴിയുമെന്നും അതിനാല്‍ ഭക്തര്‍ക്ക് ഏറെ നേരം വരി നില്‍ക്കേണ്ട അവസ്ഥയില്ല എന്നും ദേവസം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. അയ്യപ്പഭക്തര്‍ക്ക് ഉള്ള സംതൃപ്തി നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ദേവസം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മണ്ഡലകാലത്തെ അനുഭവത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ദേവസ്വവും പോലീസും ഇപ്പോള്‍ നടത്തുന്നത്. നിലയ്ക്കലിലെ പാര്‍ക്കിങ് പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനായി. രണ്ടായിരത്തിനടുത്ത് വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി.
കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ ഫാസ്ടാഗ് സംവിധാനം വിജയകരമായതിനാല്‍ ഇത്തവണയും തുടരും. തീര്‍ഥാടനകാലം തുടങ്ങിയ ശേഷം ശ്രദ്ധയില്‍പ്പെട്ട ജ്യോതി നഗര്‍, നടപ്പന്തല്‍ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിലുള്ള പ്രശ്നവും പരിഹരിച്ചു. ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് യഥാസമയം പ്രസാദങ്ങള്‍ ഉറപ്പാക്കുന്നതിന് നേരത്തെ തന്നെ നടപടികള്‍ തുടങ്ങിയെന്നും ദേവസം ബോര്‍ഡ് അറിയിച്ചു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    