ശ്രീനഗർ: സി.ആർ.പി.എഫ് ജവാനെ വിവാഹം കഴിച്ച പാക് പൗരയായ മിനാൽ ഖാന് ആശ്വാസമായി ജമ്മു കശ്മീർ ഹൈകോടതിയുടെ വിധി . മിനാൽ ഖാനെ ദീർഘകാല വിസ അപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ നാടുകടത്തുന്നത് കോടതി തടഞ്ഞു.ജമ്മുവിൽ നിന്നുള്ള ഘരോട്ടെ നിവാസിയായ സി.ആർ.പി.എഫ് കോൺസ്റ്റബിൾ മുനീർ ഖാൻ രണ്ടര മാസം മുമ്പാണ് പാക് അധീന കശ്മീരിലെ തന്റെ ബന്ധുവായ മിനാൽ ഖാനെ വിവാഹം കഴിച്ചത്.
മുനീറിൽനിന്ന് തന്നെ വേർപെടുത്തരുതെന്ന് മിനാൽ നേരത്തെ സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. ഒമ്പതു വർഷത്തെ കാത്തിരിപ്പിനുശേഷം കഴിഞ്ഞ വർഷമാണ് തനിക്ക് താൽക്കാലിക വിസ ലഭിച്ചതെന്നും അവർ പറഞ്ഞു.പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഇന്ത്യ വിടുക’ ഉത്തരവ് ഇരുവരുടെയും ജീവിതത്തിൽ കരിനിഴൽ പടർത്തി. പാക്കിസ്ഥാനിലേക്ക് നാടുകടത്തുന്നതിനായി ചൊവ്വാഴ്ച മിനാൽ ഖാനെ അട്ടാരി അതിർത്തിയിലേക്ക് അയച്ചിരുന്നു. ബുധനാഴ്ച കോടതി താൽക്കാലിക സ്റ്റേ അനുവദിച്ച വിധി വന്നതിനെ തുടർന്ന് അവർ അതിർത്തിയിൽ നിന്ന് ജമ്മുവിലെ ഭർതൃവീട്ടിലേക്ക് മടങ്ങിയെന്ന് അവരുടെ അഭിഭാഷകൻ അങ്കൂർ ശർമ പറഞ്ഞു.