ശശി തരൂർ എംപി വീണ്ടും കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നു. രാഹുൽ ഗാന്ധിയും ശശി തരൂരും കോൺഗ്രസിനകത്തെ രണ്ട് പ്രത്യയശാസ്ത്ര ധാരകളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും, ഇത് രണ്ടിനെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതാണ് പാർട്ടിയുടെ പ്രശ്നമെന്നുമുള്ള ഒരു ട്വിറ്റർ പോസ്റ്റിലെ വിലയിരുത്തൽ പങ്കുവെച്ചുകൊണ്ടാണ് തരൂർ വിവാദമുണ്ടാക്കിയത്.
ഈ വിലയിരുത്തൽ യാഥാർത്ഥ്യമാണെന്ന് സൂചിപ്പിച്ചതോടെ പാർട്ടിയുടെ നിലപാടിനെ തന്നെയാണ് തരൂർ ചോദ്യം ചെയ്യുന്നത്. മോദി സ്തുതിയും കോൺഗ്രസ് വിമർശനവുമായി നിരന്തരം വാർത്തകളിൽ നിറയുന്ന തരൂരിനെ ഒതുക്കാൻ പാർട്ടി ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രകോപനം.