Share this Article
News Malayalam 24x7
കനത്ത മഴ; കുമളിയില്‍ തോട് കര കവിഞ്ഞൊഴുകി, മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നു
Mullaperiyar Dam Shutters Open Amidst Heavy Rainfall

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കി ജില്ലയിൽ കഴിഞ്ഞ രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. കല്ലാർ, താന്നിമൂട്, മുണ്ടിയരുമ, നെടുങ്കണ്ടം, കുമളി, കൂട്ടാർ മേഖലകളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് കല്ലാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. മുല്ലപ്പെരിയാർ ഡാമിന്റെ R1, R2, R3 ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി, 1063 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കട്ടപ്പനയിലും കുമളിയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കട്ടപ്പന കുന്നളംപാറയിൽ തോട് കരകവിഞ്ഞൊഴുകി. കുമളി ചെളിമട, ആനവിലാസം, ശാസ്താ നട ഭാഗങ്ങളിലും വെള്ളം കയറി. കുമളിയിൽ തോട് കരകവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. കുമളിയിൽ വീട്ടിൽ കുടുങ്ങിയ അഞ്ചുപേരെയും 42 കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.


പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. 2018-ലെ പ്രളയകാലത്തേക്കാൾ അതിശക്തമായ മഴയാണ് ഇത്തവണ ലഭിച്ചത്. നെടുങ്കണ്ടം, കൂട്ടാർ എന്നിവിടങ്ങളിലെ പല മേഖലകളിലും 100 കണക്കിന് വീടുകളിൽ വെള്ളം കയറി. കൂട്ടാറിലെ ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ടെംപോ ട്രാവലറും കാറും സ്കൂട്ടറുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.


നഷ്ട്ടങ്ങളുടെ പൂർണ്ണമായ കണക്കുകൾ മഴ ശമിച്ചതിന് ശേഷമേ ലഭ്യമാകൂ. മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ അപകടസാധ്യതയുള്ള മേഖലകളിലുള്ള ആളുകൾക്ക് ക്യാമ്പുകളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories