തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എം ആര്‍ രാഘവവാര്യര്‍ക്കാണ് കേരളജ്യോതി പുരസ്‌കാരം. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി ബി അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരളപ്രഭ പുരസ്‌കാരം നല്‍കും.
മാധ്യമ പ്രവര്‍ത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടി കെ എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്‍ക്കും സ്റ്റാര്‍ട്ടപ്പ് രംഗത്തെ സംഭാവനകള്‍ക്ക് എം കെ വിമല്‍ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജിലുമോള്‍ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നല്‍കും.വിവിധ മേഖലകളില്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളജ്യോതി, കേരളപ്രഭ, കേരളശ്രീ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരളപ്രഭ രണ്ടു പേര്‍ക്കും കേരളശ്രീ അഞ്ചു പേര്‍ക്കും എന്ന ക്രമത്തിലാണ് ഓരോ വര്‍ഷവും നല്‍കുന്നത്.