ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റൈഹാൻ വാദ്രയുടെ (25) വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. തന്റെ ദീർഘകാല കാമുകിയായിരുന്ന അവീവ ബെയ്ഗുമായാണ് വിവാഹമോതിരം കൈമാറിയത്. ഇരുകുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങ് രാജസ്ഥാനിലെ രൺതംബോറിൽ നടക്കും.
ഡൽഹിയിലാണ് അവീവയും കുടുംബവും താമസിക്കുന്നത്. മോഡേൺ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായ ഇവർ ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടി. ഇന്ത്യയിലുടനീളമുള്ള ഏജൻസികൾ, ബ്രാൻഡുകൾ, ക്ലയന്റുകൾ എന്നിവരുമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫിക് സ്റ്റുഡിയോയും പ്രൊഡക്ഷൻ കമ്പനിയുമായ അറ്റലിയർ 11 ന്റെ സഹസ്ഥാപകയാണ് അവർ.
ഡൽഹി ആസ്ഥാനമായുള്ള ഒരു ഫോട്ടോഗ്രാഫറാണ് അവീവ ബെയ്ഗ്. നിരവധി പ്രദർശനങ്ങൾ നടത്തി. അവീവ ഫുട്ബോൾ താരം കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ 11,000 ഫോളോവേഴ്‌സ് ഉണ്ട്. അച്ഛൻ ഇമ്രാൻ ബെയ്ഗ് ഒരു ബിസിനസുകാരനും അമ്മ നന്ദിത ബെയ്ഗ് ഒരു ഇന്റീരിയർ ഡിസൈനറുമാണ്.ഫോട്ടോഗ്രാഫില്‍ അതീവ തല്‍പരനാണ് റൈഹാന്‍ വാദ്ര.ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്ത് വയസ്സുമുതൽ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. മുംബൈയിലെ കൊളാബയിലെ സമകാലിക ആർട്ട് ഗാലറിയില്‍ റൈഹാന്‍റെ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.