Share this Article
News Malayalam 24x7
10 മാസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു
Kerala's Youngest Organ Donor Saves Four Lives at 10 Months Old

കേരളത്തിന്റെ അവയവദാന ചരിത്രത്തിൽ വിസ്മയമായിരിക്കുകയാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ അബ്രഹാം. റോഡപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ നാല് കുരുന്നുകൾക്കാണ് പുതുജീവിതം സമ്മാനിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറി.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ ഷെറിൻ-അമൃത ദമ്പതികളുടെ മകനാണ് ആലിൻ. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലേക്ക് വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് ആംബുലൻസ് മുഖേന അവയവങ്ങൾ എത്തിച്ചത്. പോലീസിന്റെയും പൊതുജനങ്ങളുടെയും കൃത്യമായ സഹകരണം ഈ ചരിത്രപരമായ നീക്കത്തിന് കരുത്തേകി.


ആലിന്റെ കരൾ ആറുമാസം പ്രായമുള്ള കുഞ്ഞിന് കിംസ് ആശുപത്രിയിൽ വെച്ച് മാറ്റിവെച്ചു. പത്തു വയസ്സുള്ള മറ്റൊരു കുട്ടിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് വൃക്കകൾ നൽകി. ഹൃദയവാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും തുടർ ചികിത്സകൾക്കായി സൂക്ഷിച്ചിട്ടുണ്ട്.


കഴിഞ്ഞ ഫെബ്രുവരി 5-ന് ഉണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. മകന്റെ വിയോഗത്തിന്റെ വേദനക്കിടയിലും മറ്റുള്ളവർക്ക് ജീവൻ നൽകാനായി അവയവദാനത്തിന് സമ്മതിച്ച മാതാപിതാക്കളുടെ തീരുമാനം ഏവർക്കും മാതൃകയാണ്. ആലിൻ ഷെറിന്റെ സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് 3:30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories