ശബരിമല സ്വർണ്ണ കവർച്ചാ കേസിൽ ദേവസ്വം ഉദ്യോഗസ്ഥരോടുള്ള നിലപാട് കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). 1999-ൽ വിജയമല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് SIT ആവശ്യപ്പെട്ടു. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയും പ്രധാന നാല് തൂണുകളും ദ്വാരപാലക വിഗ്രഹത്തിന്റെ കവചങ്ങളും 1999-ൽ സ്വർണ്ണം പൊതിഞ്ഞിരുന്നു. സ്വിറ്റ്സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത ഏകദേശം 30 കിലോഗ്രാം സ്വർണ്ണമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് അന്ന് മൊഴി നൽകിയിരുന്നത്. എന്നാൽ, ഈ സ്വർണ്ണത്തിന്റെ കൃത്യമായ അളവ്, തൂക്കം എന്നിവ സംബന്ധിച്ച രേഖകൾ ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഈ രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധ്യമല്ലെന്നും SIT ചൂണ്ടിക്കാട്ടുന്നു.
രേഖകൾ നശിപ്പിക്കപ്പെട്ടതാണോ അതോ നശിപ്പിച്ചതാണോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് SITയുടെ കടുത്ത നിലപാട്. സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറോ മരാമത്ത് വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ രേഖകൾ പിടിച്ചെടുക്കാനും കൈവശം വെച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും SIT തീരുമാനിച്ചിരിക്കുകയാണ്.
രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ നയപരമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയിൽ നിന്ന് സ്വർണ്ണം കളവ് പോയതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഈ രേഖകളുടെ അഭാവവും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.