Share this Article
News Malayalam 24x7
ശബരിമല യുവതി പ്രവേശനം; പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച്
Supreme Court

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനായി 9 അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. മതസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഭരണഘടനാപരമായ ചോദ്യങ്ങളാണ് ഈ ബെഞ്ച് പ്രധാനമായും പരിഗണനാ വിഷയമാക്കുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശബരിമല യുവതി പ്രവേശനത്തിന് പുറമെ, മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളും 9 അംഗ ബെഞ്ച് പരിഗണിക്കും.


ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിക്കുന്ന കേസുകൾക്ക് തീർപ്പുകൽപ്പിക്കുന്നതിനായി കഴിയുന്നത്ര ഭരണഘടനാ ബെഞ്ചുകൾ സ്ഥാപിക്കുക എന്നത് സുപ്രീം കോടതിയുടെ മുൻഗണനകളിൽ ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 2019-ൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ സമാനമായ 9 അംഗ ബെഞ്ച് രൂപീകരിച്ചിരുന്നു. നിലവിൽ സുപ്രീം കോടതിയിലുള്ള ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് ആ ബെഞ്ചിലെ ഒരേയൊരു അംഗം.


നിയമപരമായ വെല്ലുവിളി നേരിട്ടാൽ ഒരു പദവിയും നോക്കാതെ ഏത് ഇന്ത്യൻ പൗരനും അർദ്ധരാത്രിയിൽ പോലും സഹായം തേടി സുപ്രീം കോടതിയുടെ വാതിൽക്കൽ സമീപിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേസുകളിൽ നിശ്ചിത സമയത്തിനകം വാദം പൂർത്തിയാക്കുന്നതിനായി അഭിഭാഷകർക്ക് മാനദണ്ഡം കൊണ്ടുവരാനും ചീഫ് ജസ്റ്റിസ് തീരുമാനിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article