ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. "മത്സരം നടക്കട്ടെ" എന്നായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
നാല് നിയമ വിദ്യാർത്ഥികളാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ദുബായിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യതാൽപര്യത്തേക്കാൾ വലുതല്ല കായിക മത്സരങ്ങൾ എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യവും ദേശസ്നേഹവും കണക്കിലെടുത്ത് മത്സരം നടക്കരുതെന്നായിരുന്നു ഇവരുടെ വാദം.ഈ ഹർജി നാളെ പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയുടെയും വിഷ്ണു വിജയ് ബിഷ്‌ണോയിയുടെയും ബെഞ്ചാണ് ഹർജി തള്ളിയത്. കായിക മത്സരങ്ങളെയും രാജ്യതാൽപര്യങ്ങളെയും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും, വോളിബോൾ ഉൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളിലും ഇന്ത്യ-പാക് മത്സരങ്ങൾ നടക്കുന്നുണ്ടെന്നും, ക്രിക്കറ്റ് ഒരു ജനപ്രിയ വിനോദമായതുകൊണ്ട് മാത്രം ഇത്തരം ഹർജികൾ സമർപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാകാമെന്നും കോടതി നിരീക്ഷിച്ചു.