സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും. ഒ.പി., അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ, വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ എന്നിവ ബഹിഷ്‌കരിക്കുമെന്ന് ഗവൺമെന്റ് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ (KGMCTA) അറിയിച്ചു.
ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു. തുടങ്ങിയ അടിയന്തര ചികിത്സകൾക്ക് മുടക്കമില്ലാതെ നടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.ജി.എം.സി.ടി.എ. നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ഈ പണിമുടക്ക്. ശമ്പള കുടിശ്ശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജുമായി തിങ്കളാഴ്ച ചർച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം.
നാലര മാസത്തോളമായി ഡോക്ടർമാർ സമരത്തിലായിരുന്നുവെന്നും, തങ്ങളുടെ ആവശ്യങ്ങളിൽ ഇതുവരെയും സർക്കാരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് വീണ്ടും ശക്തമായ സമരത്തിലേക്ക് കടന്നതെന്നും കെ.ജി.എം.സി.ടി.എ. ഭാരവാഹികൾ അറിയിച്ചു.
പ്രധാന ആവശ്യങ്ങൾ:
എൻട്രി കേഡർ തസ്തികയിലെ ശമ്പളത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് പി.എസ്.സി. നിയമനങ്ങൾ ഊർജിതപ്പെടുത്തുക.
ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക.
സ്ഥിരം നിയമനങ്ങൾ നടത്തുക.
ഈ മാസം 21, 29 തീയതികളിലും ഒ.പി. ബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.സി.ടി.എ. അറിയിച്ചു. പണിമുടക്ക് സാധാരണക്കാരായ രോഗികളെ വലിയ പ്രയാസത്തിലാക്കും എന്നതിൽ സംശയമില്ല.