ഗുരുപൂര്‍ണിമ ദിനത്തില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പാദപൂജയെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് കാല്‍കഴുകിപ്പിച്ച നടപടിയെ വിമര്‍ശിച്ച് കെ.കെ ശൈലജ ടീച്ചര്‍. മുതിര്‍ന്നവരെ പോലെ തന്നെ വ്യക്തിത്വവും അവകാശവുമുള്ളവരാണ് കുട്ടികളുമെന്നും അവരെ കൊണ്ട് കാല്‍ കഴുകിപ്പിച്ച നടപടി ശരിയായില്ലെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശാസ്ത്രബോധവും സാമൂഹ്യ ഉത്തരവാദിത്വവും വളര്‍ത്തിയെടുത്തു കൊണ്ടാണ് കുട്ടികളെ നാളെയുടെ നല്ല പൗരന്മാരായി വാര്‍ത്തെടുക്കേണ്ടതെന്നും ശൈലജ ടീച്ചര്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം കാസര്‍ഗോഡും കണ്ണൂരും ആലപ്പുഴയും അടക്കം വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു, ആലപ്പുഴ നൂറനാട് ബിജെപി നേതാവിന്റെ കാല്‍ കഴുകിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയും പൊലീസിനോടി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.