ഉഡുപ്പി: ‘കാന്താര’ സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും കലാ സംവിധായകനുമായ ദിനേശ് മംഗളൂരു ( 55 ) അന്തരിച്ചു. കെജിഎഫ്, കിച്ച, കിരിക്ക് പാർട്ടി എന്നീ സിനിമകളിലെ ഇദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കെജിഎഫി’ൽ ഷെട്ടി എന്ന മുംബെ ഡോണിന്റെ കഥാപാത്രത്തിലൂടെ മലയാളികൾക്കിടയിലും സുപരിചിതനാണ്.സെറ്റിൽ വച്ചുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു നടൻ.
ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദിനേശ് മംഗളൂരു അഭിനയിച്ചിട്ടുണ്ട്. ‘നമ്പർ 73’, ‘ശാന്തിനിവാസ്’ തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകനായും പ്രവർത്തിച്ചു.
അതേസമയം ‘കാന്താര 2’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മരണമടയുന്ന നാലാമത്തെ നടനാണ് ദിനേശ്. സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്. കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം ആദ്യം മരണപ്പെട്ടത്. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് മാസങ്ങൾക്കുശേഷം സിനിമയുടെ ക്രൂവിൽ ഉണ്ടായിരുന്ന വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മുങ്ങി മരിക്കുന്നു. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.