Share this Article
ക്ഷേത്രത്തില്‍ കാവിക്കൊടി വേണ്ട, വിശുദ്ധിയാണ് പ്രധാനം, രാഷ്ട്രീയ കൗശലം ആത്മീയാന്തരീക്ഷം തകര്‍ക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
വെബ് ടീം
posted on 14-09-2023
1 min read

കൊച്ചി: ക്ഷേത്രങ്ങള്‍ ആത്മീയ സാന്ത്വനത്തിന്റെയും ശാന്തതയുടെയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കൗശലം അതിനു ഭംഗം വരുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്കുള്ള ശ്രമങ്ങള്‍ ക്ഷേത്രങ്ങളിലെ ആത്മീയാന്തരീക്ഷത്തെ ഇല്ലാതാക്കുന്നതിനെ ചെറുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. 


കൊല്ലം ജില്ലയിലെ മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കാവിക്കൊടി ഉയര്‍ത്തുന്നതിന് അനുമതി തേടി രണ്ടു ഭക്തര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ക്ഷേത്ര ചടങ്ങുകള്‍ നടക്കുമ്പോഴും മറ്റ് പ്രത്യേക അവസരങ്ങളിലും ക്ഷേത്ര പരിസരത്ത് കാവിക്കൊടി ഉയര്‍ത്താന്‍ അനുമതി തേടിയായിരുന്നു ഹര്‍ജി.

ക്ഷേത്രത്തിന്റെയും ഭക്തരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന് പാര്‍ഥസാരഥി ഭക്തജന സമിതി എന്ന സംഘടന രൂപീകരിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. ക്ഷേത്ര പരിസരത്ത് കാവിക്കൊടി ഉയര്‍ത്താന്‍ സമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.

ക്ഷേത്രത്തിലെ പാവനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഉതകുന്ന പ്രവര്‍ത്തനമോ ലക്ഷ്യമോ അല്ല ഹര്‍ജിക്കാരുടേതെന്ന് കോടതി വിലയിരുത്തി.

ക്ഷേത്രത്തില്‍ പ്രാധാന്യം വിശുദ്ധിക്കും ബഹുമാനത്തിനുമാണ്. ഈ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ആകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ക്ഷേത്രങ്ങള്‍ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവയുടെ പരിസരത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നടത്താന്‍ അധികാരമില്ലാത്ത പതാകകളോ കൊടിതോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാജ വിജയരാഘവന്‍ ആണ് ഹര്‍ജി പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories