ദശാബ്ദങ്ങളായി ഇറാന്റെ രാഷ്ട്രീയ-ആത്മീയ നേതൃത്വം വഹിച്ചിരുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി (86) കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ മിന്നൽ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ'യാണ് ലോകത്തെ ഞെട്ടിച്ച ഈ വിവരം ആദ്യം പുറത്തുവിട്ടത്. ആദ്യം വാർത്ത നിഷേധിച്ചെങ്കിലും പിന്നീട് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ ഖമേനിയുടെ മരണം സ്ഥിരീകരിച്ചു.
ഖമനേയിയുടെ വസതിയും ഔദ്യോഗിക ഓഫീസും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖമേനിയോടൊപ്പം അദ്ദേഹത്തിന്റെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ വിപ്ലവസേനയുടെ (Revolutionary Guard) തലവനും മറ്റ് പ്രമുഖ നേതാക്കളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. "ഇറാന്റെ ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ കൊല്ലപ്പെട്ടു" എന്നാണ് ഈ സംഭവത്തെക്കുറിച്ച് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.
ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാൻ സർക്കാർ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. 1989 മുതൽ ഇറാനെ നയിച്ചിരുന്ന ഖമേനിയുടെ അന്ത്യം രാജ്യത്ത് വലിയ ഭരണമാറ്റത്തിന് വഴിതെളിക്കുമെന്നാണ് ലോകം വിലയിരുത്തുന്നത്. ഇറാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമെന്ന് അമേരിക്കയും ഇസ്രായേലും പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ഖമനേയിയുടെ പിൻഗാമിയായി ആര് വരുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാൻ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ദുബായിലെ പ്രശസ്തമായ ബുർജ് അൽ അറബിലും ജബൽ അലി തുറമുഖത്തും വലിയ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇറാനിൽ നടന്ന അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളിൽ ഒറ്റദിവസം കൊണ്ട് 201 പേർ കൊല്ലപ്പെട്ടതായും 747 പേർക്ക് പരിക്കേറ്റതായും ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഒരു പെൺപള്ളിക്കൂടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 115 കുട്ടികൾ കൊല്ലപ്പെട്ടതായും വിവരമുണ്ട്. സൈബർ ആക്രമണത്തെത്തുടർന്ന് ഇറാനിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായ അവസ്ഥയിലാണ്.
ഗൾഫ് മേഖലയിലെ സാഹചര്യം ആശങ്കാജനകമാണെന്നും ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇസ്രായേൽ, ഇറാൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി.
യുഎൻ സുരക്ഷാ സമിതിയിൽ ഇറാനെ പിന്തുണയ്ക്കുന്ന നിലപാടാണ് റഷ്യയും ചൈനയും സ്വീകരിച്ചത്. ആക്രമണം അംഗീകരിക്കാനാവില്ലെന്ന് റഷ്യ വ്യക്തമാക്കിയപ്പോൾ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
ഇറാന്റെ നാവികസേനയെ കൂടി തകർക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഭീഷണി നേരിടാൻ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നിലവിൽ മേഖലയിൽ കനത്ത യുദ്ധസാഹചര്യമാണ് നിലനിൽക്കുന്നത്. ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.