Share this Article
News Malayalam 24x7
ഗള്‍ഫ് നാടുകളില്‍ ഇന്ന് ബലി പെരുന്നാള്‍
വെബ് ടീം
posted on 06-06-2025
1 min read
eid-al-adha-is-celebrated-in-the-gulf-countries-today
ഗൾഫ് നാടുകളിൽ ഇന്ന് ബലിപ്പെരുന്നാൾ. ആറ് ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി. സൗദിയിൽ അറഫ സംഗമം പൂർത്തിയാക്കിയ വിശ്വാസികൾ ബലിപ്പെരുന്നാൾ ആഘോഷിക്കുകയാണ്. മക്കയിലും മദീനയിലും വിശ്വാസികളുടെ തിരക്ക് തുടരുന്നു. ഇരുഹറമിലും രാത്രിയിൽ പ്രത്യേക പ്രാർഥനകളുണ്ടായിരുന്നു. മക്ക ഹറമിൽ ഇന്ത്യൻ സമയം 8.22 നാണ് ഈദ് നമസ്കാരം. യുഎഇ അടക്കം രാജ്യങ്ങളിൽ പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക ആഘോഷപരിപാടികളും ഒരുക്കിയിട്ടുണ്ട്.

അതേ സമയം ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു എന്നിവർ ഫെയ്‌സ്ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒന്ന് മുതൽ 12 വരെയുള്ള സ്കൂ‌ളുകൾക്ക് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.
ബലി പെരുന്നാൾ അവധി വിവാദത്തിന് പിന്നാലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ പൊതു അവധി ശനിയാഴ്‌ചയിലേക്ക് മാറ്റിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. രണ്ട് ദിവസം അവധി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അവധി ഒറ്റദിവസമാക്കിയതിനെ വിമർശിച്ച് കോൺഗ്രസും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച്‌ച പെരുന്നാൾ അവധി നിഷേധിച്ചത് തെറ്റെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽകുമാറും വെള്ളിയും കൂടി അവധിയായി പ്രഖ്യാപിക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും പറഞ്ഞു. എന്നാൽ, സർക്കാർ ഓഫീസുകൾക്ക് ഇന്ന് പ്രവർത്തി ദിവസമായിരിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories