ഗസ്സായിൽ സമാധാന കരാർ ഒപ്പുവച്ചു,യുദ്ധം അവസാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതോടെ ഗസ്സായിലെ യുദ്ധം അവസാനിച്ചത്.
ഉച്ചകോടിയിൽ നിന്ന് അവസാന നിമിഷം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പിന്മാറിയിരുന്നു. യഹൂദ വിശ്വാസപ്രകാരം ചൊവ്വാഴ്ച അവധി ദിവസമായതിനാലാണ് നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, ജോർദാൻ രാജാവ് അബ്ദുള്ള, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
ഇന്ത്യക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പാകിസ്ഥാന്റെ സാന്നിധ്യമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിന് ഒരു കാരണമായി പറയപ്പെടുന്നത്. എങ്കിലും ഗസ്സയിലെ സമാധാന നീക്കത്തിന് ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിക്കാൻ മോദി ട്രംപിനെയും നെതന്യാഹുവിനെയും ഫോണിൽ വിളിച്ചു.
സമാധാന ഉടമ്പടിയുടെ ഭാഗമായി 20 ഇസ്രായേൽ തടവുകാരെ ഹമാസ് മോചിപ്പിച്ചു. കൂടാതെ, ഇസ്രായേൽ തടവിലാക്കിയിരുന്ന 280-ൽ അധികം പലസ്തീൻ തടവുകാരെയും മോചിപ്പിച്ചു. തെക്കൻ ഗസ്സയിൽ നിന്നും വടക്കൻ ഗസ്സയിൽ നിന്നുമായി രണ്ട് ഘട്ടങ്ങളിലായാണ് തടവുകാരെ കൈമാറിയത്. ആദ്യം ഏഴ് പേരെയും പിന്നീട് ഉച്ചയ്ക്ക് ശേഷം 13 പേരെയും മോചിപ്പിച്ചു.
2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഏകദേശം 1200 പേർ കൊല്ലപ്പെട്ടതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിന്റെ പ്രതികാരമെന്നോണമാണ് ഇസ്രായേൽ തിരിച്ചടിച്ചതെന്നും, ഇതുവരെ 67,160 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷത്തോളമായി തുടരുന്ന ഈ യുദ്ധം ലോക ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.