ശബരിമല സ്വർണ്ണമോഷണക്കേസിലെ മുഖ്യപ്രതിയായ മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വൈകുവോളം നീണ്ടു.
അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ച അനന്തസുബ്രഹ്മണ്യം, താൻ ശബരിമലയിൽ പലതവണ ദർശനം നടത്തിയിട്ടുണ്ടെന്നും നേർച്ചയ്ക്കും അന്നദാനത്തിനുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് പണം നൽകിയിട്ടുണ്ടെന്നും മൊഴി നൽകി. ഇയാളുടെ മൊഴിയിൽ നിന്നും അന്വേഷണ സംഘത്തിന് നിർണായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, കേസിൽ തനിക്ക് പങ്കില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണ് സ്വർണ്ണപ്പാളികൾ കൊണ്ടുപോയതെന്നും അനന്തസുബ്രഹ്മണ്യം മൊഴി നൽകിയതായി അറിയുന്നു.
അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചെങ്കിലും, ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുള്ള മറ്റ് രണ്ടു സുഹൃത്തുക്കളായ കൽപ്പേഷ്, നാഗേഷ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.