പാന്‍മസാല വ്യവസായി കമൽ കിഷോർ ചൗരാസിഹിന്‍റെ മകന്‍റെ ഭാര്യയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 40 കാരിയായ ദീപ്തി ചൗരാസിഹിനെയാണ് ദക്ഷിണഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമല്‍ കിഷോറിന്‍റെ മകന് ഹര്‍പ്രീതിനെയാണ് ദീപ്തി വിവാഹം ചെയ്തത്. ചുരീദാറില്‍ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നാണ് വിവരം.
'ബന്ധത്തില്‍ സ്നേഹവും വിശ്വാസവും ഇല്ലെങ്കില്‍ ജീവിതത്തിന്‍റെ അര്‍ഥമെന്ത്' എന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. വീട്ടിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. 2010 ലാണ് ദീപ്തിയും ഹര്‍പ്രീതും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും 14 വയസുള്ള മകനുണ്ട്. ദീപ്തിയുടെ മരണത്തില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ആരോപണവുമായി ദീപ്തിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ദീപ്തിയെ ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്നും മരണത്തിന് മൂന്നു ദിവസം മുന്‍പ് ദീപ്തിയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും സഹോദരൻ റിഷഭ് പറഞ്ഞു. ഹര്‍പ്രീതിന്‍റെ അവിഹിത ബന്ധത്തെ പറ്റി അറിഞ്ഞതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും റിഷഭ് പറഞ്ഞു.
അമ്മായിയമ്മയും ഭർത്താവും അവളെ തല്ലുമായിരുന്നു. ഹർപ്രീതിന് അവിഹിതബന്ധമുണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ ദീപ്തിയെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഹര്‍പ്രീതിന്‍റെ അമ്മ വീട്ടിലെത്തി അവളെ തിരികെ കൊണ്ടുപോയി. സഹോദരി വിളിച്ച് മര്‍ദിക്കുന്ന കാര്യം പറയാറുണ്ടായിരുന്നുവെന്നും റിഷഭ് പറഞ്ഞു. സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നോ അതോ ആത്മഹത്യ ആണോ എന്നറിയില്ല. 2-3 ദിവസം മുന്‍പ് സഹോദരിയുമായി സംസാരിച്ചതാണെന്നും റിഷഭ് മാധ്യമങ്ങളോട് പറഞ്ഞു.