മുംബൈ: ശിശുദിനത്തില്‍ സ്‌കൂളിലെത്താന്‍ പത്തുമിനിറ്റ് വൈകിയതിന് കഠിന ശിക്ഷയ്ക്ക് വിധേയയായ ആറാംക്ലാസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ വസായ് ശ്രീ ഹനുമന്ത് വിദ്യാമന്ദിര്‍ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി കാജല്‍ ഗോണ്ട്(12) ആണ് മരിച്ചത്. സ്‌കൂളില്‍ അധ്യാപകരുടെ കഠിനമായശിക്ഷയ്ക്ക് വിധേയായതോടെയാണ് കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വെള്ളിയാഴ്ച രാവിലെ കാജല്‍ സ്‌കൂളിലെത്താന്‍ പത്തുമിനിറ്റ് വൈകിയിരുന്നു. ഇതിന്റെ ശിക്ഷയായി 100 തവണ സ്‌ക്വാട്ട് ചെയ്യാൻ അധ്യാപകര്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടു. ശരീരഭാരം താങ്ങി കാല്‍മുട്ടുകളും ഇടുപ്പുകളും വളച്ച് ഇരിക്കുകയും പിന്നീട് എഴുന്നേല്‍ക്കുകയുംചെയ്യുന്ന വ്യായാമമുറയാണ് ഇത്. ബാഗ് ഉള്‍പ്പെടെ ധരിച്ചാണ് വിദ്യാര്‍ഥിനി ഇത് ചെയ്യാന്‍ നിര്‍ബന്ധിതയായത്. ഇത് പൂര്‍ത്തിയാക്കിയതിന് പിന്നാലെ പെണ്‍കുട്ടിക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടു. വൈകീട്ട് വീട്ടിലെത്തിയിട്ടും വേദനയ്ക്ക് കുറവുണ്ടായില്ല. ആരോഗ്യനില മോശമായതോടെ വീട്ടുകാര്‍ കുട്ടിയെ നളസപ്പോറയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമാണെന്ന് കണ്ടതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി.അവിടെ വച്ചാണ് മരണം