Share this Article
News Malayalam 24x7
ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറിൽ എറണാകുളത്ത് അതിവേഗമെത്തിച്ചു; 25 കാരന്റെ‍ ഹൃദയം ഇനി പൊന്നാനി സ്വദേശിയിൽ മിടിക്കും, 4 പേ‍‌‍‌ർക്ക് പുതുജീവനേകി അമൽ യാത്രയായി
വെബ് ടീം
7 hours 2 Minutes Ago
1 min read
AMAL BABU

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 25കാരനായ  അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് ഹൃദയം മിടിക്കുക. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഹൃദയം കൊച്ചിയിലെത്തിക്കാൻ ഉപയോഗിച്ചത്. തിരുവനന്തപുരം, മലയിന്‍ കീഴ്, തച്ചോട്ട് കാവ് സ്വദേശി അമല്‍ ബാബുവിന്റെ (25) ഹൃദയം ഉള്‍പ്പടെയുള്ള 4 അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കിയത്.

അതേ സമയം തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അമല്‍ ബാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പൊലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അവയവങ്ങള്‍ എത്രയും പെട്ടെന്ന് അതാത് ആശുപത്രികളില്‍ എത്തിക്കാന്‍ കെ-സോട്ടോ നടപടി സ്വീകരിച്ചു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റര്‍ ആണ് ഉപയോഗിച്ചത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിച്ചിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories