 
                                 
                        തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതികരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സഞ്ജയ് കൗൾ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ കോൺഗ്രസ് പാർട്ടിയോടും ആവശ്യപ്പെട്ടതായി സഞ്ജയ് കൗൾ പറഞ്ഞു.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി ഇത്രയധികം കാര്‍ഡുകള്‍ ഉണ്ടാക്കിയാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ എത്രലക്ഷം ഐഡികാര്‍ഡാവും ഉണ്ടാക്കുകയെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രത്യേക ആപ്പില്‍ നിന്ന് ഐഡി കാര്‍ഡ് ഉണ്ടാക്കുക. അതുമായി വോട്ടുചെയ്യുക. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ കണ്ട് ഇടപെടണം. പാര്‍ലമെന്റ് തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഉണ്ടാക്കിയ ഈ യൂത്ത് കോണ്‍ഗ്രസ് മോഡല്‍ ജനങ്ങളെ സംബന്ധിച്ച് ഉത്കണ്ഠയുണ്ടാക്കുന്നതാണ്. അത് സംബന്ധിച്ച് അന്വേഷണം ആവശ്യമായ രീതിയില്‍ നടത്തണമെന്നും ഗോവിന്ദന്‍ പറഞ്ഞു. വ്യാജ ഐഡന്‍ഡിറ്റി നിര്‍മ്മിച്ചത് വളരെ ഗൗരവമുള്ള പ്രശ്‌നമാണ്. ആര്‍ക്കും ഐഡി കാര്‍ഡ് നിര്‍മ്മിക്കാമെന്നതാണ് ഇത് കാണിക്കുന്നത്. ഇത് വരുന്ന പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇതിന്റെ പിന്നില്‍ കനുഗോലുവാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തില്‍ എടുക്കണമെന്ന് ഇ പി ജയരാജനും, രാജ്യദ്രോഹ കുറ്റമായി കണക്കാക്കണമെന്ന് ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് എ എ റഹീം എംപി പരാതി നൽകി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇവർ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. പരാതി കിട്ടിയിട്ടും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നടപടി എടുത്തില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ബംഗലൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ സുരേന്ദ്രന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളതെന്ന് പറഞ്ഞ ഷാഫി പറമ്പിൽ സുരേന്ദ്രനിൽ നിന്നോ ബിജെപിയിൽ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി. വാർത്തയിൽ ഇടം നേടാനുള്ള തന്ത്രം മാത്രമാണിതെന്നും ഷാഫി വിമർശിച്ചു. സുതാര്യമായിട്ടാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറഞ്ഞു. സംഘടനാതലത്തിൽ ഇങ്ങനെയൊരു പരാതി ഉയർന്നതായി അറിയില്ല. പാലക്കാട്ടെ മറ്റ് തെരഞ്ഞെടുപ്പിലും കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്ന സുരേന്ദ്രൻ്റെ പ്രസ്താവന തരം താഴ്ന്നതാണെന്നും  ഇങ്ങനെ സ്വയം പരിഹാസ്യനാകരുതെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. കെ. സുരേന്ദ്രനെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നൽകും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. കേരളാ പൊലീസിൽ നിന്ന് സാധാരണക്കാർക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നൽകുമ്പോൾ ഡിവൈഎഫ്ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    