ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണമോഷണക്കേസുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിൽ രേഖപ്പെടുത്തുന്ന രണ്ടാമത്തെ അറസ്റ്റാണിത്. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ തിരുവനന്തപുരത്തെ ഇന്റലിജൻസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് അഞ്ചു മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് രാവിലെ 9 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുരാരി ബാബു രണ്ട് കേസുകളിലെ പ്രതിയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം പൂശിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലും ശ്രീകോവിലിന് മുന്നിലെ കട്ടളപ്പലകകളിൽ സ്വർണ്ണം പതിച്ചതുമായി ബന്ധപ്പെട്ട കേസിലുമാണ് ഇദ്ദേഹത്തെ പ്രതി ചേർത്തിരിക്കുന്നത്. ഈ രണ്ട് കേസുകളിലെയും രണ്ടാം പ്രതിയാണ് മുരാരി ബാബു.
മുരാരി ബാബു ദേവസ്വം ബോർഡ് മാനേജരായിരുന്ന 2019-ലും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന 2025-ലും ദേവസ്വം ബോർഡിനെ തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണപ്പലകകളെ ചെമ്പുപലകകളാക്കി മഹസ്സറിൽ രേഖപ്പെടുത്തുകയും ഇത് ദേവസ്വം ബോർഡിനെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും തെളിഞ്ഞിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് നടത്തിയ തട്ടിപ്പുകൾക്ക് മുരാരി ബാബു കൂട്ടുനിന്നുവെന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മുരാരി ബാബുവിന്റെ പങ്ക് വ്യക്തമായത്. ഇതിനെ തുടർന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്തായ ആനന്ദ സുബ്രഹ്മണ്യനെ ചോദ്യം ചെയ്തപ്പോൾ മുരാരി ബാബുവിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്ന ചില രേഖകൾ ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
മുരാരി ബാബു ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സമയത്ത് കേസിൽ ഉൾപ്പെട്ടതായി മനസ്സിലാക്കിയതിനെ തുടർന്ന് ദേവസ്വം ബോർഡ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് എൻ.എസ്.എസ്. ചുമതലകളിൽ നിന്ന് ഇദ്ദേഹം ഒഴിയുകയും ചെയ്തു.
വൈകുന്നേരത്തോടെ റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കൂടുതൽ അറസ്റ്റുകളിലേക്കും കൂടുതൽ പേരെ ചോദ്യം ചെയ്യാനുമടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണക്കൊള്ളക്കേസിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്.