സിപിഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കത്ത് ചോർന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അക്കാര്യം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സിപിഎമ്മിനെയോ പാർട്ടി നേതാക്കളെയോ തകർക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്ക് ദിവസേന ആയിരക്കണക്കിന് കത്തുകൾ ലഭിക്കാറുണ്ടെന്നും അതിൽ ഗൗരവമുള്ളതും ഇല്ലാത്തതും വ്യാജമായവയുമൊക്കെ ഉണ്ടാകുമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എല്ലാ കത്തുകളും വാർത്തയാക്കിയാൽ അതിനു മാത്രമേ സമയം കാണുകയുള്ളൂ. നിലവിലെ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും വിശദീകരിക്കും. വിഷയം സംസ്ഥാന സമിതിയിൽ ചർച്ചയായിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പാർട്ടിക്ക് അതിന്റേതായ സംഘടനാ സംവിധാനങ്ങളുണ്ട്. ഇത്തരം വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും എന്നാൽ അത്തരം ശ്രമങ്ങൾ വിജയിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.