Share this Article
News Malayalam 24x7
പിഎം ശ്രീ പദ്ധതി വിവാദം; സമവായ ചര്‍ച്ചകള്‍ക്ക് സാധ്യത
Kerala Government & CPI Eye Consensus Talks

കേന്ദ്രസർക്കാരിന്റെ പി.എം.ശ്രീ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സി.പി.ഐയും തമ്മിൽ നിലനിന്ന തർക്കം രൂക്ഷമായ സാഹചര്യത്തിൽ സി.പി.ഐ മന്ത്രിമാർ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഈ വിഷയത്തിൽ സമവായ ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് എത്തിയതായും വിവരങ്ങളുണ്ട്.


പി.എം.ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച നടപടിയിൽ സി.പി.ഐ നേതാക്കൾ നേരത്തെ തന്നെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് രാഷ്ട്രീയമായി തങ്ങളെ ബാധിക്കുമെന്നും സി.പി.ഐയുടെ താഴേക്കിടയിലുള്ള ഘടകങ്ങൾ ഉൾപ്പെടെ പദ്ധതിക്കെതിരെ വലിയ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സി.പി.ഐ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.


സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സമവായ ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്. പി.എം.ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല എന്ന നിലപാടിലാണ് സി.പി.ഐ. ഈ സാഹചര്യത്തിൽ, മുഖ്യമന്ത്രി നേരിട്ടാണ് എം.വി.ഗോവിന്ദൻ മാസ്റ്ററെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പാഠ്യപദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നത് മതസൗഹാർദ്ദം തകർക്കുമെന്നാണ് സി.പി.ഐയുടെ പ്രധാന ആശങ്ക. ഫണ്ടിനപ്പുറം നയപരമായ തീരുമാനങ്ങളിൽ കേന്ദ്രത്തിന്റെ സമ്മർദ്ദം ഉണ്ടാകാൻ സാധ്യതയില്ലെന്ന് സി.പി.ഐ.എം നിലപാടെടുക്കുമ്പോൾ, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വ്യക്തത വരുത്തണമെന്നതാണ് സി.പി.ഐയുടെ ആവശ്യം.


ഇന്നത്തെ ചർച്ചകൾ നിർണ്ണായകമാവുമെന്നും, സമവായത്തിലെത്തിയില്ലെങ്കിൽ സി.പി.ഐ.എം മറ്റൊരു വഴി ചിന്തിക്കേണ്ടി വരുമെന്നും സൂചനകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ ഉൾപ്പോരുകൾ ഭരണപക്ഷത്തിന് ദോഷകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories