റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. പണപ്പെരുപ്പം കുറഞ്ഞതും ആഭ്യന്തര വളർച്ച നിരക്ക് മെച്ചപ്പെട്ടതുമാണ് പലിശനിരക്ക് കുറയ്ക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചത്. ഈ തീരുമാനം ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയാൻ വഴിയൊരുക്കും.
തുടർച്ചയായി മൂന്നാം തവണയാണ് ആർ.ബി.ഐ പലിശനിരക്ക് കുറയ്ക്കുന്നത്. നിലവിൽ പണപ്പെരുപ്പം 0.25 ശതമാനത്തിൽ നിയന്ത്രണവിധേയമാണ്. രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും അനുകൂല ഘടകമായി. ഡോളറിനെതിരെ 13 പൈസ വർധിച്ച് 85.80 രൂപയിലാണ് നിലവിൽ വിനിമയ നിരക്ക്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ആർ.ബി.ഐയുടെ ധനനയ സമിതി (എം.പി.സി) യോഗത്തിലാണ് ഏകകണ്ഠമായി പലിശനിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്ന നിലപാട് തുടരാനും സമിതി തീരുമാനിച്ചു.