കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 2023-ൽ അയച്ച സമൻസിന്റെ പകർപ്പ് പുറത്ത്. കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു ഇ.ഡി. നോട്ടീസ് അയച്ചതെങ്കിലും വിവേക് കിരൺ ഹാജരായിരുന്നില്ല. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായായിരുന്നു സമൻസ് എന്നാണ് സൂചന.
2018-ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ വീടുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായ് ആസ്ഥാനമായുള്ള റെഡ് ക്രസന്റ് എന്ന സംഘടന കേരളത്തിലേക്ക് പണം അയച്ചതിലും, അത് ദുബായ് കോൺസുലേറ്റ് വഴി എത്തിയതിലും ക്രമക്കേടുകൾ ഉണ്ടായതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് പങ്കുണ്ടെന്നായിരുന്നു അന്നത്തെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കറിനെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്കൊപ്പമാണ് വിവേക് കിരണിന്റെ പേരും ഉയർന്നുവന്നത്. എന്നാൽ, വിവേക് കിരൺ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കൊച്ചിയിലെ ഇ.ഡി. ഉദ്യോഗസ്ഥനായ ആനന്ദാണ് നോട്ടീസ് അയച്ചത്. 2023 ഫെബ്രുവരി മാസത്തിൽ ഹാജരാകാനായിരുന്നു നിർദ്ദേശമെങ്കിലും അദ്ദേഹം ഹാജരായിട്ടില്ല.
വിവേക് കിരണും കള്ളപ്പണം വെളുപ്പിക്കലുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യങ്ങൾ അറിയുന്നതിനായിരുന്നു ഇ.ഡി. വിളിച്ചതെങ്കിലും, നോട്ടീസ് നൽകിയതിന് ശേഷം ഇ.ഡി. ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കായിരുന്നു അന്ന് നോട്ടീസ് അയച്ചിരുന്നത്. ഇത് വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.