തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ തുക 1800 രൂപയായി ഉയര്‍ത്താനാണ് നിലവില്‍ ആലോചിക്കുന്നത്. നിലവില്‍ ക്ഷേമ പെന്‍ഷന്‍ തുക 1600 രൂപയാണ്. 200 രൂപ വര്‍ദ്ധിപ്പിച്ച് 1800 രൂപയില്‍ എത്തിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.2021-ല്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെന്‍ഷന്‍ 2500 രൂപയില്‍ എത്തിക്കുക എന്നത്. ഈ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ നിലവിലെ തുകയില്‍ നിന്ന് 900 രൂപയുടെ വര്‍ദ്ധനവ് ആവശ്യമാണ്.എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ തുക ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാരുള്ളത്. പെന്‍ഷന്‍ വിതരണം ഏറെക്കാലം മുടങ്ങിയെങ്കിലും, നിലവില്‍ കുടിശ്ശികകള്‍ തീര്‍ത്ത്, എല്ലാ മാസവും നല്‍കുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ക്ഷേമ പെന്‍ഷനുകളിലെ കുടിശ്ശികകള്‍ തീര്‍ക്കാനുള്ള തീരുമാനം.
ഘട്ടം ഘട്ടമായി 2500 രൂപയാക്കി പെൻഷൻ കൂട്ടുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നുമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടിയതും 1600 രൂപയാക്കിയതും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീടതിൽ വര്‍ദ്ധനവൊന്നും ഉണ്ടായിട്ടില്ല. ഒന്നിന് പുറകെ ഒന്നായി രണ്ട് തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പെൻഷൻ കൂട്ടുന്ന പ്രഖ്യാപനത്തിന് ധനവകുപ്പിൽ ഒരുക്കം നടക്കുന്നത്. 200 രൂപയെങ്കിലും കൂട്ടി പെൻഷൻ 1800 രൂപയാക്കാനുള്ള നിര്‍ദ്ദേശം വകുപ്പിന്‍റെ സജീവ പരിഗണനയിലാണ്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക തീര്ത്ത് കൊടുക്കാനുള്ള തീരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.