ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ കോയമ്പത്തൂർ ആസ്ഥാനമായുള്ള റാക്കറ്റിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂർ സംഘത്തിന്റെ കേരളത്തിലെ സഹായികളെയും കൂടുതൽ റാക്കറ്റുകളെയും കണ്ടെത്തുന്നതിനാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
നേരത്തെ കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭൂട്ടാൻ സൈനിക ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഈ വാഹന ഇടപാടുകൾ നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. 16-ഓളം വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നതായും അവർ വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിൽ നിന്ന് രാജ്യാതിർത്തി കടത്തിക്കൊണ്ടുവരുന്ന വാഹനങ്ങൾ പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പിഎംഎൽഎ) വകുപ്പുകളും ചുമത്തുമെന്ന് ഇഡിയും കസ്റ്റംസും വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിൽ കൂടുതൽ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ, ആരൊക്കെയാണ് ഇതിനു പിന്നിൽ, എവിടെ നിന്നൊക്കെയാണ് വാഹനങ്ങൾ കടത്തുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ സിനിമാ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകളും കരാറുകളും ഉൾപ്പെടെയുള്ളവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും, ഇതിന്റെ ഫലം ലഭിച്ച ശേഷം താരങ്ങളെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം നൂറിലധികം വാഹനങ്ങൾ കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മറ്റു വാഹനങ്ങൾ കണ്ടെത്താനുള്ള തിരച്ചിലും ഇഡി ഊർജിതമാക്കിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കും.