Share this Article
News Malayalam 24x7
യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് നഗ്നനാക്കി റോഡിൽ തള്ളിയ കേസിൽ മൂന്നുപേർ പിടിയിൽ
വെബ് ടീം
4 hours 25 Minutes Ago
1 min read
three arrested

കൊച്ചി: യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി നഗ്നനാക്കി റോഡിൽ തള്ളിയ സംഭവത്തിൽ പാസ്റ്റർ അടക്കം മൂന്നുപേർ പിടിയിൽ. വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ അമൽ, ആരോമൽ, നിതിൻ എന്നിവരാണ് പിടിയിലായത്.ഈ മാസം 21ന് രാവിലെ കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിനു സമീപം റോഡിലാണ് അതിക്രൂര മർദനമേറ്റ നിലയിൽ ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര സുദർശനനെ (42) കണ്ടെത്തിയത്.

ജനനേന്ദ്രിയം മുറിച്ച് ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് കാഴ്ച നഷ്ടപ്പെടുത്തിയിരുന്നു. ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലെ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് സുദർശനൻ.

സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്. കൊടുങ്ങല്ലൂരിൽവെച്ചാണ് പാസ്റ്റർ അടക്കം മൂന്നുപേരും അറസ്റ്റിലായത്. കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്‍റെ ഉടമസ്ഥരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അഗതി മന്ദിരത്തിന്റെ വാഹനം സുദർശനെ റോഡരികിൽ തള്ളി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് നേരത്തെ സുദർശനനെ കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പിന്നീട് അഗതിമന്ദിരത്തിലാക്കുകയും ചെയ്തിരുന്നു. അഗതിമന്ദിരത്തിൽവെച്ച് മറ്റു അന്തേവാസികളുമായി തർക്കമുണ്ടാകുകയായിരുന്നത്രെ. തുടർന്ന് അഗതിമന്ദിരം നടത്തിപ്പുകാർ സുദർശനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം  ചേർത്തല മുനീർ വധക്കേസിലെ പ്രതിയായിരുന്നു  സുദർശനും സഹോദരനും. സുദർശനന് നേരിടേണ്ടി വന്നത് മനുഷ്യത്വരഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജൻ മുരുകൻ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇവാഞ്ചലോ ആശ്രമം അധികൃതർ പിടിയിലാകുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories