അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ വൻ നാശനഷ്ടം. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കാബൂളിലെ ലഹരി വിമോചന ചികിത്സാ കേന്ദ്രമായ 2000 കിടക്കകളുള്ള വലിയ ആശുപത്രിക്ക് നേരെയാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. പ്രാദേശിക സമയം രാത്രി ഒൻപത് മണിയോടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ആശുപത്രി കെട്ടിടത്തിൻ്റെ വലിയൊരു ഭാഗം പൂർണ്ണമായും തകർന്നു. ആക്രമണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന രോഗികളും ജീവനക്കാരുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
അഫ്ഗാൻ സർക്കാരിൻ്റെ ആരോപണങ്ങൾ പാകിസ്ഥാൻ പാടേ തള്ളിക്കളഞ്ഞു. തങ്ങൾ യാതൊരുവിധ ആശുപത്രികളും ലക്ഷ്യം വെച്ചിട്ടില്ലെന്നും, ഭീകരവാദ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് പാകിസ്ഥാൻ്റെ അവകാശവാദം. എന്നാൽ, പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കുന്നത് തുടരുകയാണെന്ന് അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിദ് പ്രതികരിച്ചു.
400-ലധികം പേർ മരിച്ചതായി അഫ്ഗാൻ സർക്കാർ വക്താവ് ഹംദുള്ള ഫിത്രത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. മേഖലയിൽ വലിയ സംഘർഷാവസ്ഥയാണ് നിലവിൽ നിലനിൽക്കുന്നത്.