കശുവണ്ടി കോര്‍പ്പറേഷന് അഴിമതിക്കേസില്‍ സര്‍ക്കാരിനെ തിരുത്തി ഹൈക്കോടതി. കോടതിയലക്ഷ്യം നടന്നിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. പ്രോസിക്യൂഷന് അനുമതി നല്‍കാത്തത് കോടതിയലക്ഷ്യം തന്നെയെന്ന് കോടതി നിരീക്ഷിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹര്‍ജി പരിഗണിച്ചത്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, കോര്‍പറേഷന്‍ എംഡി കെ.എ രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. സര്‍ക്കാര്‍ ഉത്തരവുകള്‍ യുക്തിസഹമായി നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നും അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 2006- 2015 കാലഘട്ടത്തില്‍ കശുവണ്ടി വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ലെന്നും തോട്ടണ്ടി സീസണല്‍ വിളയായതിനാല്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാന്‍ അനുമതി നല്‍കിയെന്നുമാണ് സര്‍ക്കാരിന്റെ വാദം.