Share this Article
News Malayalam 24x7
എല്ലാവര്‍ക്കും അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മശാലയല്ല; 140 കോടിയുമായി നമ്മൾ ബുദ്ധിമുട്ടുകയാണ്; ലോകത്തെല്ലായിടത്തുനിന്നും അഭയാർത്ഥികളെ സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി
വെബ് ടീം
posted on 19-05-2025
1 min read
SC

ന്യൂഡൽഹി: ലോകത്തുള്ള എല്ലാ അഭയാർഥികൾക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ൽ അറസ്റ്റിലായ ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരന്റെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2018 ൽ വിചാരണക്കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി വെട്ടിക്കുറച്ചു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോർട്ടേഷൻ ക്യാമ്പിൽ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.

അതേസമയം താൻ ഇന്ത്യയിൽ എത്തിയത് നിയമപ്രകാരം ഉള്ള വിസയിലാണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാൽ തന്റെ ജീവിതം അപകടത്തിലാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. തന്റെ ഭാര്യയും മക്കളും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല.

ശ്രീലങ്കയിൽ ഇയാളുടെ ജീവൻ അപകടത്തിലാണെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ഊന്നിപ്പറഞ്ഞപ്പോൾ എങ്കിൽ മറ്റൊരു രാജ്യത്തേക്ക് മാറാനും കോടതി നിർദേശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories