Share this Article
News Malayalam 24x7
നാല് ദിവസത്തെ സന്ദര്‍ശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തിലെത്തും
Droupadi Murmu

രാഷ്ട്രപതി ദ്രൗപതി മുർമു നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ ശബരിമലയിൽ തീർത്ഥാടകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും. തുടർന്ന് രാജ്ഭവനിൽ വിശ്രമിക്കും.


നാളെ രാവിലെ തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തുന്ന രാഷ്ട്രപതി, അവിടെനിന്ന് പ്രത്യേക വാഹനത്തിൽ പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം, ഡോളി മാർഗം സന്നിധാനത്തേക്ക് പോകും. പതിനൊന്നു മണിയോടെ സന്നിധാനത്ത് ദർശനം നടത്താനാണ് നിലവിലെ തീരുമാനം.


രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച്, നാളെ ഉച്ചവരെ തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ഇന്ന് വൈകുന്നേരത്തോടെ തന്നെ പമ്പയിലും സന്നിധാനത്തും സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കും. തീർത്ഥാടകർക്ക് താമസിക്കുന്നതിനും വിരിവെക്കുന്നതിനും വിലക്കുണ്ട്. രാഷ്ട്രപതി മടങ്ങിയ ശേഷം മാത്രമേ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കൂ. സന്ദർശനം പൂർത്തിയാക്കി 24-ന് എറണാകുളത്തു നിന്നാണ് രാഷ്ട്രപതി മടങ്ങുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories