Share this Article
News Malayalam 24x7
ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് യു ഡി എഫ്; വിഡി സതീശനും കെ സുധാകരനും ചുമതല
udf

ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് യു ഡി എഫ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചർച്ചകൾ ആരംഭിച്ചു. തീരുമാനമെടുക്കാൻ പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്റിനേയും ചുമതലപ്പെടുത്തി.

തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നിരിക്കെ മുന്നൊരുക്കങ്ങൾ നടത്തുകയാണ് കോൺഗ്രസ്.പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിക്കുള്ളിൽ ആരംഭിച്ചു.

കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനേയും പ്രതിപക്ഷ നേതാവ് വിഡി സതീശനേയും യോഗത്തിൽ ചുമതലപ്പെടുത്തുകയും ചെയ്തു.

നേതാക്കളുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കണം, തുടർന്ന് അന്തിമ പട്ടിക ഹൈക്കമാന്റിന്റെ അംഗീകാരത്തിനായി അയക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക എഐസിസി ആണ്. ചേലക്കരയില്‍ വി പി സജീന്ദ്രനും, പി എം നീയാസിനുമാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.

പാലക്കാട് അബ്ദുള്‍ മുത്തലിബിനും, ബാബുരാജുമാണ് പ്രവർത്തനങ്ങൾ ഏകോപിക്കുക. കെപിസിസി നേരത്തെ തന്നെ ഇവർക്ക് ചുമതല നല്‍കുകയും മുന്നൊരുക്കം നടത്താൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യു ഡി എഫിന് കൂടിയാലോചനകളുടെ ആവശ്യമില്ല.രാഹുല്‍ ഗാന്ധി രാജിവച്ച അന്ന് തന്നെ പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. പാലക്കാട്ടും ചേലക്കരയിലുമാണ് ചിത്രം തെളിയേണ്ടത്. രണ്ടിടങ്ങളിലും യുഡിഎഫിന് നടത്തേണ്ടത് അഭിമാന പോരാട്ടം കൂടിയാണ്.

രാഷ്ട്രീയ കാലാവസ്ഥ തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തൽ മുന്നണിക്കുള്ളിലുണ്ട്. എന്നിരുന്നാലും സ്ഥാനാർത്ഥി നിർണയത്തിനും ഈ തെരഞ്ഞെടുപ്പിൽ നിർണായക പങ്കുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി, പ്രചാരണം ഒരുപടി മുന്നേ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് നേതാക്കൾ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories