കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിന് സ്വയം തീ പിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത്. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ രാസമാറ്റം ഉണ്ടായെന്നും ഇതാണ് തീ പിടുത്തത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, വിഷയത്തിൽ കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് സ്വയം തീ പിടിച്ചത് ആവാമെന്നാണ് ഫൊറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. മാലിന്യ നിക്ഷേപത്തിലെ രാസവസ്തുക്കൾ തീ പിടിക്കാൻ കാരണമായി.കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റം ഉണ്ടാകും. ഇതിൽ നിന്ന് തീ പടരാൻ സാധ്യത ഉള്ള വസ്തുക്കൾ ഉണ്ടാകുകയും ചെയ്യും. തീ മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നാണ് ഉണ്ടായതെന്നും ഫോറെൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
മാർച്ച് 2നാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായത്.12 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. ബ്രഹ്മപുരത്തെ തീ പിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന പരാമർശങ്ങളാണ് ഫൊറൻസിക് റിപ്പോർട്ടിലുമുള്ളത്.
അതേസമയം,കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് വിഷയത്തിൽ മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.സി ബി ഐ അന്വേഷണം വേണമെന്ന യു ഡി എഫ് തീരുമാനത്തിൽ നിന്ന് മാറ്റമില്ല. അതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.