എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകള്‍ നികത്തിയ ശേഷമേ ബാക്കിയുള്ള പൊതു തസ്തികകളില്‍ നിയമനം നടത്തുകയോ നിയമിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകാരം നല്‍കുകയോ ചെയ്യാവൂ എന്നാണ് വിധിന്യായം. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ളവ ഒഴിച്ച് മറ്റ് ഒഴിവുകളില്‍ നിയമനങ്ങള്‍ നടത്തുന്നതിന് എന്‍എസ്എസ് സുപ്രീംകോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നു. ഈ ആനുകൂല്യം മറ്റ് മാനേജ്‌മെന്റുകള്‍ക്കും നല്‍കണമെന്ന് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. എന്‍എസ്എസ് കേസിലെ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് ബാധകമല്ലെന്ന നിലപാട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ തിരുത്തിയത്.