ജബൽപുർ:കുതിരകൾ തമ്മിൽ ഏറ്റുമുട്ടി നാടകീയ രംഗങ്ങൾ. പട്ടാപ്പകൽ നഗരമധ്യത്തിൽ കുതിരകൾ തമ്മിലുണ്ടായ കൂട്ടയിടിയിലും പോരിലും രണ്ടുപേർക്ക് പരിക്ക്. പോരിനിടയിൽ കുതിരകളിലൊന്ന് ഓട്ടോറിക്ഷയിൽ ചാടിക്കയറി കുടുങ്ങുകയും ഡ്രൈവർക്കും യാത്രികനും പരിക്കേൽക്കുകയുമായിരുന്നു.മധ്യപ്രദേശിലെ ജബൽപുരിൽ ആണ് സംഭവം.ബുധനാഴ്ച ഉച്ചയ്ക്കാണ് തിരക്കേറിയ നാഗ്രത് ചൗക്കിൽ രണ്ടു കുതിരകൾ തമ്മിൽ പോര് നടന്നത്. ആളുകൾ കുതിരകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഇവ അടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു. കടയ്ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തുടർന്ന് നഗരമധ്യത്തിൽ പരിഭ്രാന്തി പരത്തിയ കുതിരകൾ ഒരെണ്ണം യാത്രക്കാരനുമായി പോയ ഇ-റിക്ഷയിലേക്ക് ചാടിക്കയറി. സാരമായി പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരനെയും നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇരുപത്തുമിനിറ്റോളം ഓട്ടോയിൽ കുടുങ്ങിക്കിടന്ന കുതിരയെയും പ്രദേശവാസികൾ പുറത്തെത്തിക്കുകയായിരുന്നു. രണ്ട് കുതിരകൾക്കും പരിക്കേറ്റിട്ടുണ്ട്.